Friday, January 29, 2010

ശങ്കരത്തില്‍ ജോണ്‍ മത്തായി വൈദ്യന്‍


കൊല്ലവര്‍ഷം 1075 (AD 1900) ചിങ്ങം 7 നു ,പൂരുരുട്ടാതി നക്ഷത്രത്തില്‍ ജനനം.മന്ത്ര-ജ്യോതിഷവിദ്യകളിലും നേത്രചികിത്സയിലും വിദഗ്ധൻ ആയിരുന്ന കുരുവിള ഫീലിപോസ് ആണ് പിതാവ്. രണ്ടര വയസില്‍ പിതാവിന്റെയും തുടര്‍ന്നു അടുത്ത ദിവസങ്ങളില്‍ തന്നെ മാതാവിന്റെയും അകാലമരണത്തിന് ശേഷം മൂത്ത ജ്യേഷ്ഠനായ ശങ്കരത്തില്‍ യോഹന്നാന്‍ വൈദ്യന്റെ സംരക്ഷണയില്‍ സംസ്കൃതം , തമിഴ്, മലയാളം എന്നീ ഭാഷകളും വൈദ്യവിദ്യയും അഭ്യസിച്ചു. അതോടൊപ്പം സ്കൂള്‍ വിദ്യാഭ്യാസവും അദ്ധ്യാപനപരിശീലനവും നേടിയശേഷം സ്കൂൾ അധ്യാപകനായും തുടർന്ന് ഏറെക്കാലം പ്രധാനാധ്യാപകനായും ജോലി ചെയ്തു. വൈദ്യവൃത്തിയില്‍ വിശിഷ്ട,ബാല-നേത്രചികിത്സകളിൽ പ്രാവീണ്യം നേടിയ ശേഷം ചികിത്സാവൃത്തിയും ഇതോടൊപ്പം തുടർന്നു.

സാഹിത്യരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.അന്നുണ്ടായിരുന്ന പ്രധാനപത്രമാസികകൾ വഴി ചില രചനകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. മായാദാസന്‍,സുന്ദരസിംഗ് എന്നിവ എടുത്തുപറയത്തക്ക ആഖ്യായികകൾ. അവസരോക്തികൾ‍,പഴയനിയമചരിത്രസംഗ്രഹം,സോദരചരമം എന്നിവ കാവ്യങ്ങളായി പ്രസിദ്ധീകരിച്ചു.പുതിയ ഐതീഹ്യമാല എന്നൊരു കൃതി ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല.കുറെഭാഗം ഖണ്ഡശയായി പത്രങ്ങളില്‍പ്രസിദ്ധീകരിക്കുകയുണ്ടായി. മിക്ക രചനകളും ശങ്കരച്ചാർ എന്ന തൂലികാനാമത്തിലാണ് പുറത്തുവന്നിട്ടുള്ളത്. വൈദ്യസംബന്ധിയായി അനവധി ചികിത്സാക്കുറിപ്പുകളും ലേഖനങ്ങളും എഴുതി തയാറാക്കിയിരുന്നു. ശങ്കരത്തില്‍കുടുംബ ചരിത്രം, ജീവിതസ്മരണകള്‍ എന്നിവയാണ് ഇതരകൃതികൾ.1984 ഒക്ടോബർ മാസത്തിൽ ജീവിതാവസാനമായി.