Thursday, September 24, 2009

സോദരചരമം-ഖണ്ഡകൃതി

സോദരചരമം

വൈദ്യവൃത്തി ചെയ്യുന്നവൻ സുഖദുഖങ്ങളിൽ സദാ വിരക്തിയുള്ളവനായിരിയ്ക്കണം.രാഗാദികളെ കീഴടക്കിയ അപൂർവ്വവൈദ്യനെ ആദരവോടെ സ്മരിയ്ക്കുക എന്നതാണ് വൈദ്യത്തിന്റെആദ്യപാഠം. പക്ഷെ, ജീവിതത്തിന്റെ നേരൊഴുക്കിനു ഇടയ്ക്കൊക്കെ ഭംഗം വരും... അപ്പോൾ പാഠങ്ങൾ മറന്നുപോവുകയും മാനുഷികവിചാരവികാരങ്ങൾ നമ്മെ കീഴടക്കുകയും ചെയ്യുന്നു. ഇത്തരം ഒരു സന്നിഗ്ധഘട്ടത്തിൽ എഴുതപ്പെട്ടതാണ് ഈ കൃതി.സ്വസഹോദരന്റെ ചികിത്സയേറ്റെടുക്കേണ്ടിവന്നപ്പോഴുണ്ടായ മനോസംഘർഷവും, വൈദ്യനെന്ന നിലയിലുള്ള നിസ്സഹായാവസ്ഥയുമാണിതു രചിയ്ക്കാൻ പ്രേരണയായതെന്ന് പലപ്പോഴും അദ്ദേഹം പറയുന്നതു കേൾക്കാനിടയായിട്ടുണ്ട്.1935 -ൽ ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ച ഈ കാവ്യത്തിന്റെ മിക്കവാറും നാശോന്മുഖമായഒരു പതിപ്പിൽ നിന്നാണ് ഇപ്പോൾ ഇതു പുനഃസൃഷ്ടിയ്ക്കുന്നത്.(ഡോ.പ്രിൻസ് അലക്സ്)
അവതാരിക
(പന്തളം പറവേലിൽ രാമൻപിള്ള)
മലയാളഭാഷയിൽ ദിനം‌പ്രതി എന്നപോലെ ഗ്രന്ഥങ്ങൾ വർദ്ധിച്ചുവരുന്ന ഒരു കാലമാണ് ഇത്. അനേകരൂപത്തിലുള്ള ഗദ്യപദ്യാഭരണങ്ങൾ ഉണ്ടാക്കി ഭാഷായോഷയെ അലങ്കരിയ്ക്കുന്നതിനുള്ള ഉത്സാഹവും ആവേശവും യുവകവികളിൽ അത്യുച്ചനിലയിൽ തന്നെയാണ് സ്ഥിതിചെയ്യുന്നത്.തന്നിമിത്തം സാഹിത്യലോകത്തിൽ വലുതായ ഒരുമാറ്റവും സംഭവിച്ചിട്ടുണ്ട്.പാശ്ചാത്യസമ്പ്രദായങ്ങൾ മലയാളികൾ പലതിലും അനുകരിച്ചുവരുന്ന ഈ കാലത്ത് അവരുടെ കവിതയും പ്രസ്തുത സമ്പ്രദായങ്ങളെ അനുകരിക്കാതിരിക്കാൻ മാർഗ്ഗമില്ലല്ലോ. എന്നാൽ ഒരാശാന്റെ സഹായത്തോടെ കൈരളിവാണിയും ആംഗലവാണികളുടെ രീതികളെ അഭ്യസിക്കാൻ തുടങ്ങി.‘ഹാ പുഷ്പമേ!അധികതുംഗപദത്തിലെത്രശോഭിച്ചിരുന്നതൊരു രാജ്ഞി കണക്കയേ നീ’എന്നും,‘നല്ല ഹൈമവതഭൂവിലേകദാ’ എന്നും ആശാനവർകൾ ഗണപതിയ്ക്കു കുറിച്ചുതുടങ്ങിയപ്പൊഴേ പുതിയ പ്രസ്ഥാനത്തിനു കല്ലിട്ടു കഴിഞ്ഞു.പിന്നീടതുതന്നെ ക്രമേണ “ലീല”യായിത്തീർന്ന്ഭാഗ്യദോഷത്താൽ ഒടുവിൽ അത് “പ്രരോദന”ത്തിൽ കലാശിക്കയും ചെയ്തു.(തുടരും..)

Saturday, April 11, 2009

ഹാ.. ജീവിതം

“പാ‍രം പരാർദ്ധ്യമായീടുന്ന രംഗമാ-
ണീ ലോകം വേഷക്കാർ മർത്യരെല്ലാം
പാർത്താലഭിനയമേഴുവിധമതി-
ലാർക്കുമേ കൂടുതൽ കാണുകില്ല”.
ഇപ്പോൾ ഞാൻ ഉണ്ട്. ഞാൻ ഇല്ലായിരുന്നു. ഏതാനും സമയങ്ങൾക്കു ശേഷം ഞാൻ ഇല്ല. ഒന്നും ഇല്ലാത്തവനായി ഞാൻ ഭൂമിയിൽ വന്നു, അപ്രകാരം മടങ്ങിപ്പോവുകയും ചെയ്യുന്നു.

ഇനി രംഗനിരീക്ഷണമെന്തിന്?അതെല്ലാം കഴിയാറായിരിക്കുന്നു.സർവ്വശക്തനായ ദൈവം ഒന്നുമില്ലായ്മയിൽ നിന്ന് എന്നെ ഉരുവാക്കി.ഞാൻ ഒരു മനുഷ്യശിശുവായികൊല്ലവർഷം 1075 ചിങ്ങം 7 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ ഭൂജാതനായി.മാതാപിതാക്കളും സഹോദരങ്ങളും അത്യാകാംക്ഷയോടെ എന്നെ ദർശിയ്ക്കുന്നു. എല്ലാവർക്കും അത്യാനന്ദം ഉള്ള വേളയിലും പിതാവ് ചിന്താമഗ്ദനായിരുന്നു.ജ്യേഷ്ഠസഹോദരൻ പിതൃസന്നിധിയിൽ ദുഃഖഹേതു ആരാഞ്ഞു--അപ്പോൾ പിതാവു മറുപടിയായി പറഞ്ഞു:“ നിങ്ങൾ ദുഃഖിയ്ക്കേണ്ടാ. കുഞ്ഞിന് ഒരാപത്തും ഉണ്ടാവുകയില്ല.അവൻ നല്ലനിലയിൽ ജീവിയ്ക്കുകയും നല്ല നിലയിൽ ആവുകയും ചെയ്യും. പക്ഷേ നിങ്ങളെ അനാഥരാക്കിയിട്ട് എനിക്കു മടങ്ങിപ്പോകേണ്ടിയിരിയ്ക്കുന്നു. കഷ്ടിച്ച് ഇനി മൂന്നു വർഷം..”.ആ മൂന്നു വർഷത്തിനു ശേഷം മാതാപിതാക്കൾ ഒരുമിച്ചു നഷ്ടപ്പെട്ട്, ജ്യേഷ്ഠന്മാരുടെ തണലിൽ വളർന്ന്-വിദ്യ നേടി,ജീവിച്ച് ജീവിതത്തിന്റെ ഈ അപരാഹ്നത്തിൽ സന്തതസഹചാരിയായ ശരീരം എന്ന വാഹനം കേടു ഭവിച്ചിരിക്കുമ്പോൾ ഞാൻ ഒന്നു തിരിഞ്ഞു നോക്കട്ടെ..(ശങ്കരത്തിൽ ജോൺ മത്തായി വൈദ്യന്റെ ജീവിതസ്മരണകൾ എന്ന ആത്മകഥാക്കുറിപ്പുകളിൽ നിന്ന്)