വൈദ്യവൃത്തി ചെയ്യുന്നവൻ സുഖദുഖങ്ങളിൽ സദാ വിരക്തിയുള്ളവനായിരിയ്ക്കണം.രാഗാദികളെ കീഴടക്കിയ അപൂർവ്വവൈദ്യനെ ആദരവോടെ സ്മരിയ്ക്കുക എന്നതാണ് വൈദ്യത്തിന്റെആദ്യപാഠം. പക്ഷെ, ജീവിതത്തിന്റെ നേരൊഴുക്കിനു ഇടയ്ക്കൊക്കെ ഭംഗം വരും... അപ്പോൾ പാഠങ്ങൾ മറന്നുപോവുകയും മാനുഷികവിചാരവികാരങ്ങൾ നമ്മെ കീഴടക്കുകയും ചെയ്യുന്നു. ഇത്തരം ഒരു സന്നിഗ്ധഘട്ടത്തിൽ എഴുതപ്പെട്ടതാണ് ഈ കൃതി.സ്വസഹോദരന്റെ ചികിത്സയേറ്റെടുക്കേണ്ടിവന്നപ്പോഴുണ്ടായ മനോസംഘർഷവും, വൈദ്യനെന്ന നിലയിലുള്ള നിസ്സഹായാവസ്ഥയുമാണിതു രചിയ്ക്കാൻ പ്രേരണയായതെന്ന് പലപ്പോഴും അദ്ദേഹം പറയുന്നതു കേൾക്കാനിടയായിട്ടുണ്ട്.1935 -ൽ ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ച ഈ കാവ്യത്തിന്റെ മിക്കവാറും നാശോന്മുഖമായഒരു പതിപ്പിൽ നിന്നാണ് ഇപ്പോൾ ഇതു പുനഃസൃഷ്ടിയ്ക്കുന്നത്.(ഡോ.പ്രിൻസ് അലക്സ്)
അവതാരിക
(പന്തളം പറവേലിൽ രാമൻപിള്ള)
മലയാളഭാഷയിൽ ദിനംപ്രതി എന്നപോലെ ഗ്രന്ഥങ്ങൾ വർദ്ധിച്ചുവരുന്ന ഒരു കാലമാണ് ഇത്. അനേകരൂപത്തിലുള്ള ഗദ്യപദ്യാഭരണങ്ങൾ ഉണ്ടാക്കി ഭാഷായോഷയെ അലങ്കരിയ്ക്കുന്നതിനുള്ള ഉത്സാഹവും ആവേശവും യുവകവികളിൽ അത്യുച്ചനിലയിൽ തന്നെയാണ് സ്ഥിതിചെയ്യുന്നത്.തന്നിമിത്തം സാഹിത്യലോകത്തിൽ വലുതായ ഒരുമാറ്റവും സംഭവിച്ചിട്ടുണ്ട്.പാശ്ചാത്യസമ്പ്രദായങ്ങൾ മലയാളികൾ പലതിലും അനുകരിച്ചുവരുന്ന ഈ കാലത്ത് അവരുടെ കവിതയും പ്രസ്തുത സമ്പ്രദായങ്ങളെ അനുകരിക്കാതിരിക്കാൻ മാർഗ്ഗമില്ലല്ലോ. എന്നാൽ ഒരാശാന്റെ സഹായത്തോടെ കൈരളിവാണിയും ആംഗലവാണികളുടെ രീതികളെ അഭ്യസിക്കാൻ തുടങ്ങി.‘ഹാ പുഷ്പമേ!അധികതുംഗപദത്തിലെത്രശോഭിച്ചിരുന്നതൊരു രാജ്ഞി കണക്കയേ നീ’എന്നും,‘നല്ല ഹൈമവതഭൂവിലേകദാ’ എന്നും ആശാനവർകൾ ഗണപതിയ്ക്കു കുറിച്ചുതുടങ്ങിയപ്പൊഴേ പുതിയ പ്രസ്ഥാനത്തിനു കല്ലിട്ടു കഴിഞ്ഞു.പിന്നീടതുതന്നെ ക്രമേണ “ലീല”യായിത്തീർന്ന്ഭാഗ്യദോഷത്താൽ ഒടുവിൽ അത് “പ്രരോദന”ത്തിൽ കലാശിക്കയും ചെയ്തു.(തുടരും..)