Thursday, September 11, 2008

എന്റെ ഐതീഹ്യമാല-ശങ്കരത്തില്‍ ജോണ്‍ മത്തായി വൈദ്യന്‍

(കുറിപ്പ്:കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ അനുകരിച്ചായിരിക്കണം, “എന്റെ ഐതിഹ്യമാല“ എന്നൊരുകൃതി ശങ്കരത്തില്‍ ജോണ്‍ മത്തായി വൈദ്യന്‍ രചിച്ചു തുടങ്ങിയിരുന്നു.ഇതില്‍ എത്ര ലേഖനങ്ങള്‍ തയ്യാറാക്കി എന്നുനിശ്ചയമില്ല.വിരലിലെണ്ണാവുന്ന എണ്ണം മാത്രമെ എന്റെ ശ്രദ്ധയില്‍ വന്നിട്ടുള്ളൂ.അവയില്‍ പ്രധാനമായവ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു. മിക്കവയും അക്കാലത്തു പത്രമാസികകള്‍ വഴി പുറത്തു വന്നവയാണ്.--ഡോ.പ്രിന്‍സ് അലക്സ്)


എന്റെ ഐതീഹ്യമാല നംബര്‍ -൧

ഖരന്‍‌കാട്
(ശങ്കരത്തില്‍ ജോണ്‍ മത്തായി വൈദ്യന്‍)

114 ധനു 8 ലെ പൌരപ്രഭ/98 കന്നി 19 ലെ കാഹളത്തില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളഭൂമിയില്‍ ഐതിഹ്യ പ്രധാനങ്ങളായ അനവധി സ്ഥലങ്ങള്‍ ഉണ്ട്.എന്തെങ്കിലും ഒരു ഐതിഹ്യം പറയപ്പെടുവാന്‍ഇല്ലാതായുള്ള സ്ഥലങ്ങള്‍ വളരെ അപൂര്‍വമായിട്ടെ കാണപ്പെടുകയുള്ളൂ .ഇങ്ങിനെയുള്ള സം‌ഗതികളുടെവാസ്തവാവസ്ഥങ്ങളെപ്പറ്റി തിരിച്ചറിയുവാന്‍ തക്കതായ രേഖകള്‍ എല്ലാറ്റിനെ സംബന്ധിച്ചും ലഭിക്കുന്നതും വളരെ പ്രയാസമാണ്.എങ്കിലും ഈവിധമുള്ള സംഗതികളുടെ അന്വേഷണം മനുഷ്യബുദ്ധിയെ വികസിപ്പിക്കുന്നതും,സൂക്ഷ്മാവലോകനശക്തിയെ ഉത്തേജിപ്പിക്കുന്നതും ആയിരിക്കും.മാവേലിക്കര താലൂക്കില്‍ പെട്ട പന്തളം എന്ന സ്ഥലത്തു് “കടയ്ക്കാട്” എന്നു പറയപ്പെടുന്ന ഒരു സ്ഥലമുണ്ട്.ഇപ്പോള്‍ ഈ സ്ഥലം മുഹമ്മദീയര്‍തിങ്ങിപ്പാര്‍ക്കുന്ന ജനബാഹുല്യമുള്ള ഒരു സ്ഥലമാണ്.എന്നാല്‍ ജനബാഹുല്യത്തിനനുസരിച്ചുള്ള പരിഷ്കാരം പ്രസ്തുതസ്ഥലത്തിന് ഇപ്പോഴും പ്രത്യക്ഷത്തില്‍കാണാനില്ല.ഈ സ്ഥലത്തെക്കുറിച്ചുള്ള ഒരു ഐതീഹ്യമാണ് ഇവിടെപ്രസ്താവിക്കണമെന്നു വിചാരിക്കുന്നത്.ഈ സ്ഥലത്തിന് പൂര്‍വകാലത്തുണ്ടായിരുന്ന പേര്‍ “ഖരന്‍‌കാട്” എന്നായിരുന്നു.ഖരന്‍ അധിവസിച്ചിരുന്ന സ്ഥലമായിരുന്നതുകൊണ്ട് ഈ പേര്‍ഉണ്ടായതായിട്ടാണ് പറയപ്പെടുന്നത്. ഏറ്റം പുരാതനകാലത്തു ഈ സ്ഥലങ്ങള്‍ പന്തിരുകുളത്തില്‍ പോറ്റിമാരുടെ ഭരണത്തില്‍ ഉള്‍പ്പെട്ടതായിരുന്നു.ആകാലത്തും ,അനന്തരം പന്തളത്തു തമ്പുരാക്കന്മാര്‍ ഈ സ്ഥലങ്ങള്‍ വിലയ്ക്കുവാങ്ങി ഭരണം നടത്തി വന്ന കാലത്തും ഖരന്‍‌കാട് ഒരു ഘോരവിപിനം തന്നെയായിരുന്നു.ഇപ്പോഴും അതിന്റെ സ്മാരകമെന്ന നിലയ്ക്ക് കടയ്ക്കാട്പാലത്തിനു പടിഞ്ഞാറു ഭാഗത്തായി ഒരു ക്ഷേത്രവും പരിസരങ്ങളില്‍ വന്‍വൃക്ഷങ്ങളാലും വല്ലിക്കുടിലുകളാലും നിറയപ്പെട്ട ഒരു സ്ഥലവും കാണ്മാനുണ്ട്.
തുടരും

No comments: